കുട്ടികള്‍ക്കായി പോഷകാഹാരം, വിദ്യാഭ്യാസം, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി എന്തുതന്നെ തിരഞ്ഞെടുത്താലും അതിലെല്ലാം ഏറ്റവും ബെസ്റ്റ് കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ മാതാപിതാക്കൾ. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം കുട്ടിക്കുണ്ടോ, വളര്‍ച്ചക്കുറവുണ്ടോ എന്നെല്ലാം പലരും സൂക്ഷ്മമായി നിരീക്ഷിക്കാറുമുണ്ട്. എന്നാല്‍ കുട്ടിയുടെ ശാരീരിക ആരോഗ്യത്തില്‍ ചെലുത്തുന്ന ഈ ശ്രദ്ധ മാനസികാരോഗ്യത്തില്‍ ഇല്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇത് മനപ്പൂർവം അവഗണിക്കുന്നതല്ല ആദ്യം പറഞ്ഞതെല്ലാം കൃത്യമായി കിട്ടിയാൽ പിന്നെ കുഞ്ഞ് ഹാപ്പിയാണ് എന്ന ചിന്തയാണ് എല്ലാ മാതാപിതാക്കളിലും. എന്നാൽ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയും, മാതാപിതാക്കളുടെ തിരക്കും സാങ്കേതികവിദ്യകളുടെ അതിപ്രസരവും എല്ലാം കുഞ്ഞു മനസ്സുകളുടെ മാനസിക ആരോഗ്യത്തെ വല്ലാതെ തന്നെ ബാധിക്കുന്നുണ്ട്.
രക്ഷാകർതൃത്വം ഒരു കുട്ടിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ.കുഞ്ഞു മനസ്സുകളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഇന്നവർക്ക് നോവുന്നതൊക്കെയും നാളെ അവരിലൊരുപാട് മാനസിക സംഘർഷങ്ങളും വ്യക്തിത്വ വൈകല്യങ്ങളും ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്.
കുട്ടികൾക്കായി കുട്ടി ടൈം
വാശി പിടിച്ചിരിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോണോ വിലകൂടിയ കളിപ്പാട്ടങ്ങളോ നൽകുന്നതിന് പകരം അല്പ സമയം അവർക്കൊപ്പം ഇരുന്ന് ചെറിയ ചെറിയ കളികളിൽ ഏർപ്പെട്ടുനോക്കൂ, കുഞ്ഞു മനസിന് എത്ര സന്തോഷമാകും. വര്‍ത്തമാനം പറയുന്നതും ഒരുമിച്ച് സിനിമ കാണുന്നതുമെല്ലാം കുട്ടികളുമായി മാനസിക അടുപ്പം ഉണ്ടാക്കാന്‍ സഹായിക്കും. കുട്ടികളില്‍ സുരക്ഷിതത്വ ബോധം ഉണ്ടാക്കാനും തങ്ങള്‍ സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കാനും ഇത് ഏറെ പ്രയോജനപ്പെടും.
മോശം കാര്യങ്ങൾക്ക് ചെറിയ വഴക്ക്, നല്ല കാര്യങ്ങൾക്ക് വലിയ അഭിനന്ദനം
കുട്ടികൾക്ക് അവര്‍ അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ നല്‍കാന്‍ ഒരിക്കലും മടിക്കരുത്. കുട്ടികള്‍ ചെയ്യുന്ന മോശം കാര്യങ്ങള്‍ക്ക് അവരെ വഴക്ക് പറയാന്‍ കാണിക്കുന്ന ആവേശം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാന്‍ കൂടി കാണിക്കണം. ഇത്തരത്തില്‍ ചെയ്യുമ്പോൾ നല്ല കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനും സ്വയം മതിപ്പുണ്ടാക്കിയെടുക്കാനും കുട്ടികള്‍ക്ക് സാധിക്കും. അതോടൊപ്പം നല്ല കാര്യങ്ങൾ വീണ്ടും ആവർത്തിക്കാൻ അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതിലും തെറ്റില്ല. എന്നാൽ സമ്മാനങ്ങൾക്ക് വേണ്ടി മാത്രം കാര്യങ്ങൾ ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കരുത്.
കുഞ്ഞു വാക്കുകൾക്ക് നൽകാം വലിയ ശ്രദ്ധ
കുഞ്ഞല്ലേ എന്ന് പറഞ്ഞ് കുട്ടികളുടെ വാക്കുകൾ ഒരിക്കലും അവഗണിക്കരുത്. ഇത് അവരുടെ ആശയവിനിമയ ശേഷിയും വ്യക്തിത്വബോധവും തകർത്തേക്കാം. അതു മാത്രവുമല്ല കുട്ടികളുമായി ശരിയായ ആശയവിനിമയം മാതാപിതാക്കള്‍ സൃഷ്ടിച്ചെടുത്തില്ലെങ്കില്‍ പിന്നീട് അവരെ സംബന്ധിച്ച പല കാര്യങ്ങളും അവര്‍ മാതാപിതാക്കളിൽ നിന്ന് ഒളിച്ച് വച്ചെന്നു വരും. അതുകൊണ്ട് കുട്ടികളുടെ വാക്കുകൾ ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സ് തുറക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അവരുടെ ചിന്തകളും സ്വപ്നങ്ങളുമെല്ലാം ഇത്തരത്തില്‍ അവര്‍ നിങ്ങളോട് പങ്കുവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഒപ്പം വീട്ടിലെ കാര്യങ്ങളിൽ അവരുടെ അഭിപ്രായം കൂടി തേടുന്നതും നല്ലതാണ്. ഉദാഹരണത്തിന് വീട്ടിലേക്ക് പുതിയ ഒരു ഉപകരണങ്ങൾ വാങ്ങുമ്പോൾ അതിന്റെ നിറം, ആകൃതി തുടങ്ങിയ കാര്യങ്ങൾ അവരുടെ അഭിപ്രായം കൂടി ചോദിച്ചറിയുന്നത് അവരിൽ ഉത്സാഹം കൂട്ടും.
താരതമ്യം അരുത്
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ കുട്ടികളെ ഒരിക്കലും മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഇത് അവരുടെ ആത്മവിശ്വാസം കെടുത്തുകയും അപകര്‍ഷതാബോധം ഉണ്ടാക്കുകയും ചെയ്യും. കൂട്ടുകാരും സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനു പകരം കുട്ടികളെ പ്രചോദിപ്പിക്കാനും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രമിക്കണം. കുട്ടി ആരാകണം എന്താകണം തുടങ്ങിയ അമിത പ്രതീക്ഷകളുടെ ഭാരം അവരുടെ ചുമലിൽ അടിച്ചേൽപ്പിക്കരുത്. അവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും അഭിപ്രായസ്വാതന്ത്ര്യത്തോടെ ജീവിക്കാനും അനുവദിക്കണം. മറിച്ചായാൽ സംഘർഷഭരിതമായ ബാല്യം അവരുടെ മൊത്തം ജീവിതത്തെയും മാറ്റിമറിച്ചേക്കും.
സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കാം
ഓഫീസിലെയും കുടുംബത്തിലെയും ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് മാതാപിതാക്കൾ വലിയ രീതിയിൽ റിയാക്ട് ചെയ്താൽ അതുമൂലം കുഞ്ഞു മനസ്സിലുണ്ടാകുന്ന ആഘാതങ്ങൾ നിസ്സാരമല്ല. നമ്മൾ എങ്ങനെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന് കണ്ടാണ് നമ്മുടെ കുട്ടികളും വളരുന്നത്. സംഘർഷഭരിതമായ മനസ്സോടെ രക്ഷകത്രത്വം നിർവഹിച്ചാൽ അത് നമ്മൾ അറിയാതെ തന്നെ അവരുടെ ജീവിതത്തിലേക്കും പകർന്നു കിട്ടും. അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും സംയമനത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്നും നമ്മുടെ ജീവിതത്തിലൂടെ തന്നെ അവരെ പഠിപ്പിക്കണം. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ വീട്ടിലോട്ടു കൊണ്ടുവന്ന് സമ്മർദ്ദം കൂട്ടാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം സമ്മര്‍ദം ജീവിതത്തിന്‍റെ ഭാഗമാണെന്ന് അംഗീകരിക്കാനും ആരോഗ്യകരമായ ചിന്തകളുമായി അവയെ ബാലന്‍സ് ചെയ്യാനും ചെറുപ്പം മുതലേ അവരെ പരിശീലിപ്പിക്കുകയും വേണം.
മേൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങളെല്ലാം ഒന്ന് മനസ്സിൽ വെച്ച് ഒട്ടും യാന്ത്രികമല്ലാത്ത രീതിയിൽ വേണം കുഞ്ഞുങ്ങളോട് ഇടപഴകാൻ. അവരുടെ ബാല്യം നമ്മൾ ബാല്യമായി തന്നെ ഉൾക്കൊണ്ട് ഒരു പളുങ്ക്പാത്രം കൈകാര്യം ചെയ്യുന്നത്ര ശ്രദ്ധയോടെ വേണം കുഞ്ഞു മനസ്സിനെ പാകപ്പെടുത്താൻ.
